ചേട്ടനെ പറ്റിച്ച്‌ ഒന്നരലക്ഷം അടിച്ചു മാറ്റി, വീട്ടില്‍ തേങ്ങടിയാന്‍ വരുന്നയാള്‍ വരെ ഉപദേശിക്കും: ധ്യാന്‍

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. മലയാളികളുടെ പ്രിയപ്പെട്ട നടനും എഴുത്തുകാരനുമൊക്കെയാണ് ശ്രീനിവാസന്‍.

അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തുകയായിരുന്നു. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത് പാട്ടുകാരനായിട്ടായിരുന്നു. പിന്നാലെ വിനീത് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും തിരക്കഥയിലേക്കുമെല്ലാം കടന്നു വന്നു. തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു വിനീത്. വിനീത് ശ്രീനിവാസന്‍ എന്ന പേര് മലയാളികള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉറപ്പു നല്‍കുന്നുണ്ട് ഇന്ന്. ചേട്ടന്റെ തന്നെ സിനിമയിലൂടെയായിരുന്നു അനിയന്‍ ധ്യാന്‍ ശ്രീനിവാസന്റേയും സിനിമ എന്‍ട്രി. അധികം വൈകാതെ തന്നെ ധ്യാനും സംവിധാനത്തിലേക്ക് ചുവടുവെച്ചു.

സോഷ്യല്‍ മീഡിയയിലെ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളിലും മറ്റും തനിക്ക് നേരെ വരുന്ന ചോദ്യങ്ങള്‍ക്ക് മറയില്ലാതെ മറുപടി നല്‍കുന്ന വ്യക്തിയാണ് ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ശ്രീനിവാസനും കുടുംബവും കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ധ്യാനിന്റെ മാസ് മറുപടികള്‍ ഈയ്യടുത്ത് വൈറലായിരുന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുന്ന ധ്യാന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചും അച്ഛനേയും ചേട്ടനേയും കുറിച്ചുമെല്ലാം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ മനസ് തുറക്കുകയാണ്.

സത്യം മാത്രമേ ബോധിപ്പിയ്ക്കൂ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. വീട്ടില്‍ രണ്ട് വലിയ താരങ്ങളുണ്ടല്ലോ, അവരോട് ഇടിച്ച്‌ നില്‍ക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഇടിച്ച്‌ നില്‍ക്കുന്നൊന്നുമില്ലെന്നും താന്‍ ഔട്ട് ആണെന്നുമാണ് ധ്യാന്‍ പറഞ്ഞത്. അങ്ങനെയൊരു മത്സരമില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ധ്യാന്‍ പറയുന്നു. എന്റെ അച്ഛനും ചേട്ടനും തന്നേയല്ലേ അവര്‍ നന്നാവട്ടെ എന്ന് ധ്യാന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്നുണ്ട്. അതേസമയം താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ വേണ്ട എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും ധ്യാന്‍ ഓര്‍ക്കുന്നുണ്ട്.

അച്ഛനും ചേട്ടനും ഉണ്ടാക്കി വച്ച ആ ഒരു ഇമേജിന് പുറത്ത് തന്നെയാണ് താന്‍ ഇപ്പോഴും എന്നാണ് ധ്യാന്‍ അഭിപ്രായപ്പെടുന്നത്. അവര്‍ക്കിടയിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും താരം പറയുന്നു. അതേസമയം വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ എന്ന്. തന്നോടുള്ള സ്‌നേഹം കൊണ്ടാകാം അവരത് പറയുന്നതെന്നും ധ്യാന്‍ പറയുന്നു. അച്ഛനെയും ചേട്ടനെയും കണ്ട് പഠിക്ക് എന്നാണ് അമ്മ എപ്പോഴും പറയുന്നതെന്നും ധ്യാന്‍ തുറന്നു പറയുന്നു. ചേട്ടന്‍ വളരെ സത്യസന്ധനായതാണ് പ്രശ്നം. ഒരാള്‍ സത്യങ്ങള്‍ മാത്രം പറയുമ്ബോള്‍ മറ്റെയാളുടെ കള്ളത്തരം വേഗം കണ്ട് പിടിയ്ക്കുമെന്ന് ധ്യാന്‍ ചിരിച്ചു കൊണ്ട് പറയുന്നു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയാണ് വീട്ടിലെന്നും ധ്യാന്‍ പറയുന്നു. വീട്ടുകാരെ സാമാന്യം നല്ല രീതിയില്‍ പറ്റിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്ന ധ്യാന്‍ എങ്കിലും നാട്ട് കാരെ പറ്റിക്കാറില്ലെന്നും വ്യക്തമാക്കുന്നു.

പിന്നാലെ ചേട്ടനെ പറ്റിച്ച കഥയും ധ്യാന്‍ പങ്കുവെക്കുന്നുണ്ട്. നന്നായിക്കോട്ടെ എന്ന് കരുതി എന്റെ ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ ഏട്ടന്‍ രണ്ട് ലക്ഷം രൂപ തന്നു. പണം ലാഭിക്കാന്‍ വേണ്ടി ആ ഹ്രസ്വ ചിത്രത്തില്‍ ഞാന്‍ തന്നെ അഭിനയിച്ചു. അങ്ങനെ 2 ലക്ഷത്തിന്റെ സിനിമ 50 ലക്ഷത്തിനെടുത്ത് ഒന്നര ലക്ഷം ഞാന്‍ പറ്റിച്ചുവെന്നാണ് ധ്യാന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ആ ഷോര്‍ട്ട് ഫിലിം ആണ് തന്റെ സിനിമ എന്‍ട്രിയ്ക്ക് കാരണമായതെന്നാണ് ധ്യാന്‍ പറയുന്നത്. ആ ഷോര്‍ട്ട് ഫിലിമിലെ അഭിനയം കണ്ടിട്ടാണ് ഏട്ടന്‍ എന്നെ സിനിമയില്‍ എടുത്തതെന്ന് ധ്യാന്‍ പറയുന്നു. വിനീതിന്റെ തിര എന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രവും ചിത്രത്തിലെ ധ്യാനിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. ശോഭനയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്തത്.

പിന്നാലെ താന്‍ ഒരിക്കല്‍ ജീവിതത്തില്‍ പറഞ്ഞ ഡയലോഗ് ചേട്ടന്‍ എങ്ങനെയാണ് സിനിമയിലേക്ക് കൊണ്ടു വന്നതെന്നും ധ്യാന്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളി അച്ഛന് അസുഖം വരുമ്ബോള്‍ തന്റെ പോക്കറ്റ് മണി കട്ട് ആകുമോ എന്ന വിഷമത്തില്‍, അമ്മേ അച്ഛന് സീരിയസ് ആയി ഒന്നും ഇല്ലല്ലോ എന്ന് ചോദിക്കുന്നുണ്ട്. സത്യത്തില്‍ അത് ജീവിതത്തില്‍ ഞാന്‍ പറഞ്ഞ ഡയലോഗ് ആണെന്നാണ് ധ്യാന്‍ വെളിപ്പെടുത്തുന്നത്. കേട്ട് നിന്ന ഏട്ടന്‍ അത് സിനിമയില്‍ ഇടുകയായിരുന്നുവെന്നും താരം പറയുന്നു. അച്ഛന് ചെറിയൊരു പനി വന്നപ്പോഴാണ് താന്‍ അങ്ങനെ ചോദിച്ചത്. അച്ഛനോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല, എന്റെ പോക്കറ്റ് മണി കിട്ടിട്ടല്ലോ എന്ന ടെന്‍ഷനായിരുന്നുവെന്നും ്ധ്യാന്‍ ചിരിച്ചു കൊണ്ട് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *