നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച്ചത്തേക്ക് മാറ്റി.കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു.അതേസമയം ബുധനാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോൺ ഹാജരാക്കാൻ സാധിക്കില്ലെന്നും തന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് ദിലീപിന്റെ വാദം. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണിൽ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ മറുപടിയിൽ പറഞ്ഞു.
ദിലീപിനെതിരെ അസ്വസ്ഥപ്പെടുത്തുന്ന ചില തെളിവുകളുണ്ടെന്നും, അത് പരിഗണിച്ചാണ് ചോദ്യം ചെയ്യാൻ അനുമതി നൽകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഇതനുസരിച്ച് മൂന്ന് ദിവസമായി, ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവറും ബന്ധുവുമായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.