ദിലീപിനെ ചോദ്യം ചെയ്യാം;വ്യാഴാഴ്ച വരെ അറസ്റ്റു പാടില്ല.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ളുടെ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കാതെ ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ തള്ളാനോ കോടതി തയ്യാറായില്ല. എന്നാല്‍ ഹര്‍ജിക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഹര്‍ജിക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജറാവാട്ടെയെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതൽ മൂന്നു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. പ്രതികളെ അറസ്റ്റു ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹര്‍ജിയിലെ അന്തിമ തീരുമാനം.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. രാവിലെ 10 30 ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് ഭക്ഷണത്തിന് നിര്‍ത്തിയ സമയം ഉള്‍പ്പെടെ ആറ് മണിക്കൂറോളമാണ് നീണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *