നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് നല്കിയ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നു. കേസില്‍ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം നല്കിയ സത്യവാങ് മൂലത്തിനെതിരെ പ്രതിഭാഗം വാദങ്ങളുന്നയിച്ചു. ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികള്‍ കൊണ്ട് മാത്രം കൊലപാതക ഗൂഡാലോചനക്കുറ്റത്തില്‍ തന്നെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ദിലീപ് വാദിച്ചു.
ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ബി രാമന്‍പിള്ള ചൂണ്ടിക്കാട്ടി. കള്ളക്കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞു. അത് ശാപവാക്കുകളായി കണ്ടാല്‍ മതി. പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍. കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ കേസ്. ബാലചന്ദ്രകുമാര്‍ പറയുന്നത് പുതിയതായി പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. നാലര വര്‍ഷം ബാലചന്ദ്രകുമാര്‍ ഒന്നും മിണ്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിപ്പെട്ടതിന് ശേഷമാണ് ദിലീപിനെതിരായ പുതിയ കേസ്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു.
പ്രോസിക്യൂഷന്റെ വാദങ്ങളില്‍ കോടതിയും ചോദ്യങ്ങളുന്നയിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും ഇതിന് തെളിവുകള്‍ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഡാലോചനക്കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാള്‍ ഒരു മുറിയില്‍ വെച്ച് ഒരാളെ വകവരുത്തണമെന്ന് പ്രസ്താവന നടത്തുന്നു. അങ്ങനെ നടത്തുന്ന ഒരു പ്രസ്താവന എങ്ങനെ ഗൂഡാലോചനയുടെ പരിധിയില്‍ വരുമെന്നാണ് കോടതിയുടെ ചോദ്യം. വക വരുത്തുന്നതിനായി എന്തെങ്കിലും നീക്കങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടായാലല്ലേ അത് ഗൂഡാലോചനയാവൂയെന്നും കോടതി ചോദിച്ചു. അതേസമയം വാക്കാല്‍ പറഞ്ഞതല്ലെന്നും തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ അത് തുറന്ന കോടതിയില്‍ പറയാനാവില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു.