പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു.

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. രണ്ടുമാസത്തോളമായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.

വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ. ഞാൻ, ഞാൻ മാത്രം എന്ന ചിത്രം മുതൽ കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹം ഒരുക്കിയ സിനിമകൾ.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 80കളിലും 90കളിലുമുള‌ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ തിരക്കഥയൊരുക്കി. കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, ഇണ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അതിരാത്രം, കേളി,ചമയം, ഒരു യാത്രാമൊഴി, കൊടിയേറ്റം,യാത്ര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയൊരുക്കി. തിരക്കഥയിൽ മാത്രമല്ല നിർമ്മാണരംഗത്ത് എം.ടി ഒരുക്കിയ ‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രത്തിലും ജോൺപോൾ ശ്രദ്ധേയനായി. സംസ്ഥാന, ദേശീയ, രാജ്യാന്തര അവാർഡുകൾ ചിത്രം സ്വന്തമാക്കി. മാക്‌ടയുടെ സ്ഥാപക സെക്രട്ടറിയും ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു അദ്ദേഹം.

ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്കാരം.

 

Leave a Comment

Your email address will not be published. Required fields are marked *