കൊച്ചി: നടൻ ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. തെളിവുകൾ തേടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് റെയ്ഡിനെത്തിയത്. ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിക്കുന്നത്. അതേസമയം സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയിലും പരിശോധന തുടരുകയാണ്. ദിലീപിന്റെ വീട്ടിൽനിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും മൂന്ന് മൊബൈൽ ഫോണും രണ്ട് ഐ പാഡും പിടിച്ചെടുത്തു. ഇതിലൊന്ന് ദിലീപിേന്റതാണ്.
കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്നതടക്കം പരിശോധിക്കാൻ വേണ്ടി ബില്ലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
തന്‍റെ മൊഴി മുഖവിലക്കെടുത്തത് കൊണ്ടാണ് ദിലീപിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് പദ്ധതിയിട്ടുവെന്ന കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാർ നിർണായക തെളിവുകൾ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഉള്ളവയാണ് കൈമാറിയത്.