കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതിദേവി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്. നിയമനിര്‍മാണം വേണം. ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിര്‍മാണ കമ്പനികളും നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
നേരത്തെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ അംഗങ്ങൾ വനിതാ കമ്മീഷനെ സന്ദർശിച്ചിരുന്നു.പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, ദീദി, അഞ്ജലി മേനോൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യംചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് യോഗം. യോഗത്തില്‍ നടിയെ ആക്രമിച്ച കേസ് ചർച്ചയാകാനാണ് സാധ്യത. കേസിന്‍റെ തുടക്കം മുതല്‍ വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന ഡബ്ല്യു.സി.സിയുടെ വിമർശനവും ചർച്ചയാകും.